ബെർലിൻ : ജർമനിയിലെ ആഡംബര കാർ കമ്പനി ഭീമന്മാരായ ഫോക്സ്വാഗൺ (Volkswagen - VW) 2030-ഓടെ 50,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. കമ്പനിയുടെ ലാഭം 2016-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ച സാഹചര്യത്തിലാണ് ഈ കടുത്ത നടപടി.
ഫോക്സ്വാഗൺ കമ്പനി നേരത്തെ 35,000 പേരെ പിരിച്ചുവിടാനായിരുന്നു പദ്ധതിയെങ്കിലും, പുതിയ റിപ്പോർട്ട് പ്രകാരം അത് 50,000 ആയി ഉയർത്തി. ഫോക്സ്വാഗൺ ബ്രാൻഡിന് പുറമെ Audi, Porsche, സോഫ്റ്റ്വെയർ വിഭാഗമായ Cariad എന്നിവയെയും ഇത് ബാധിക്കും.
നികുതിക്ക് ശേഷമുള്ള ലാഭത്തിൽ ഏകദേശം 44 ശതമാനം കുറവ് രേഖപ്പെടുത്തി. നിലവിൽ കമ്പനിയുടെ ലാഭം 6.9 ബില്യൺ യൂറോയാണ്. ചെലവ് കുറച്ച് പ്രതിവർഷം 15 ബില്യൺ യൂറോ ലാഭിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. നിലവിൽ ജർമ്മനിയിൽ മാത്രം 2,90,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്.
വോൾഫ്സ്ബർഗ് (Wolfsburg) ആസ്ഥാനമായുള്ള കമ്പനിക്ക് ഹാനോവർ, ബ്രൗൺഷ്വീഗ് തുടങ്ങിയ നഗരങ്ങളിലും വലിയ പ്ലാന്റുകളുണ്ട്. ഭാവിയിൽ കമ്പനിയെ മത്സരസജ്ജമാക്കാൻ ചെലവ് കുറയ്ക്കൽ അനിവാര്യമാണെന്ന് ഫോക്സ്വാഗൺ ഫിനാൻസ് ചീഫ് അർനോ ആന്റ്ലിറ്റ്സ് വ്യക്തമാക്കി.
2024-ന്റെ അവസാന കണക്കുകൾ പ്രകാരം ജർമനിയിൽ മാത്രം ഏകദേശം 2,90,000 ജീവനക്കാരാണ് ഫോക്സ്വാഗണിൽ ജോലി ചെയ്യുന്നത്. ഇതിൽ വലിയൊരു വിഭാഗത്തെ പുതിയ തീരുമാനം ബാധിക്കും.
ഫോക്സ്വാഗൺ മെയിൻ ബ്രാൻഡിന് പുറമെ, പ്രീമിയം ബ്രാൻഡുകളായ Audi, Porsche, സോഫ്റ്റ്വെയർ വിഭാഗമായ Cariad എന്നിവയിലെ ജീവനക്കാർക്കും ജോലി നഷ്ടമാകും.
കമ്പനിയുടെ ആസ്ഥാനമായ വോൾഫ്സ്ബർഗ് (Wolfsburg) കൂടാതെ ഹാനോവർ, ബ്രൗൺഷ്വീഗ്, കാസ്സൽ, സാൽസ്ഗിറ്റർ, എംഡൻ, ഓസ്നാബ്രൂക്ക്, ഡ്രെസ്ഡൻ, കെംനിറ്റ്സ് എന്നീ നഗരങ്ങളിലെ പ്ലാന്റുകളെയും ഓഫീസുകളെയും ഈ വെട്ടിക്കുറയ്ക്കൽ നേരിട്ട് ബാധിക്കും.
2024 അവസാനത്തോടെ യൂണിയനുകളുമായി ഉണ്ടാക്കിയ കരാർ പ്രകാരം 35,000 പേരെ കുറയ്ക്കാനായിരുന്നു പദ്ധതിയെങ്കിലും, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അത് 50,000 ആയി ഉയർത്തുകയായിരുന്നു. ഒട്ടനവധി മലയാളികൾ നിലവിൽ കമ്പനിയിൽ മുന്തിയ തസ്തികയിൽ ജോലി ചെയ്യുന്നുണ്ട്, ഇവരൊക്കെ തന്നെ ഏറെ ആശങ്കയിലാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി നികുതികളും (Tariffs) ചൈനീസ് വിപണിയിൽ പ്രാദേശിക കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരവും വിൽപനയെ ബാധിച്ചു.
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനായി ചെലവാകുന്ന വലിയ തുകയും എന്നാൽ അതിനനുസരിച്ചുള്ള വിപണി ലഭിക്കാത്തതും തിരിച്ചടിയായി.
പ്രതിവർഷം 15 ബില്യൺ യൂറോ ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വരും മാസങ്ങളിൽ കൂടുതൽ കടുത്ത ചെലവ് ചുരുക്കൽ നടപടികൾ ഉണ്ടാകുമെന്ന് കമ്പനി ഫിനാൻസ് ചീഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.